കേരളത്തില്‍ വലിയ തോതില്‍ ലവ് ജിഹാദുണ്ടെന്നും അതിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും പാലാ രൂപത. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഇക്കാര്യം പറഞ്ഞത്.
ഇതിലൂടെ ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയുംവഴിതെറ്റിക്കുന്നെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്നു പറയുന്ന രാഷ്ട്രീയക്കാരുള്‍പ്പെടെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഇതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
‘ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മത വ്യാപനവും അമുസ്ലിങ്ങളുടെ നാശവും ആവുമ്പോള്‍ അതിന് സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാവുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റു മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാര്‍ഗങ്ങളിലൂടെയോ ജിഹാദികള്‍ വശത്താക്കുന്നത്’, ബിഷപ്പ് പറഞ്ഞു.
മതാന്തര വിവാഹങ്ങള്‍ പള്ളിയില്‍ വെച്ചുള്‍പ്പെടെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിവാഹത്തിനു ശേഷമുണ്ടാവുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിനു പിന്നില്‍ വലിയ തോതിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് വ്യക്തമാവുന്നതെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.