കോഴിക്കോട്: മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമർശിച്ച് മുൻ ഹരിത നേതാവ്. ഹരിത മുൻ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോളാണ് ലീഗ് നേതൃത്വത്തിന് എതിരെ കടുത്ത ഭാഷയിൽ വിമർശനം നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലീഗ് നേതൃത്വത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയിൽ വരാം. മിണ്ടരുത്, മിണ്ടിയാൽ പടിക്ക് പുറത്താണെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുകയെന്നും ഹഫ്‌സ പ്രതികരിക്കുന്നു. അല്ലേലും ഇവരിൽനിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരേ എന്നും അവർ പോസ്റ്റിൽ ലീഗിനെ പരിഹസിക്കുന്നുണ്ട്.
ഹഫ്‌സ മോളുടെ ഫേസ്ബുക്ക് പോസ്റ്റ്:
പുതുതായി വരുന്ന MSF ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന പ്രസിഡന്റ് : ആയിഷ ബാനു വൈസ് പ്രസി : നജ്വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ് ട്രഷറർ : സുമയ്യ തുടങ്ങിയവർക്ക് മുൻകൂർ അഭിവാദ്യങ്ങൾ.
വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്. ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം.. മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി.. അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നൊ നിഷ്‌കളങ്കരെ…???? സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി.. ജയ് സദിഖലി ശിഹാബ് തങ്ങൾ വിസ്മയമാണെന്റെ ലീഗ്