കൊച്ചി: ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടെയ്നര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമ നടപടിയുമായി ലുലുഗ്രൂപ്പ്.
വ്യാജ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ലുലു. വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് ദേശീയപാത അതോറിറ്റിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടിയിലേക്ക് കടക്കുമെന്ന് ലുലു വ്യക്തമാക്കിയത്.
കഴക്കുട്ടം ആക്കുളത്തിനടുത്തുള്ള ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലുപ്പാലമെന്ന് വിശേഷിപ്പിച്ചാണ് ഓണ്‍ലൈന്‍ വാര്‍ത്ത എത്തിയത്. പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുമ്പോഴാണ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത ലുലുപാലമെന്ന പേരില്‍ എത്തിയത്.
രാജ്യത്ത് ഒരു സ്വകാര്യവ്യക്തികള്‍ക്കും പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലും പാലം നിര്‍മ്മിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്നിരിക്കെയാണ് ലുലുവിനെതിരെ വ്യാജ വാര്‍ത്ത പ്രചരിച്ചത്.
കഴക്കൂട്ടം- കാരോട് ബൈപാസില്‍ അഞ്ച് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതായാണ് ദേശീയ പാത അധികൃതര്‍ വ്യക്തമാക്കി. തടസം മാറ്റിയതോടെ യാത്ര പുനരാരംഭിച്ചിരുന്നു. ആക്കുളത്തെ ഈ ഫുട് ഓവര്‍ബ്രിഡ്ജിനു അടിയില്‍കൂടി തന്നെ കാര്‍ഗോ സുഗമമായി കടന്നുപോയി.
കൊച്ചിയിലും സമാനമായ രീതിയില്‍ തന്നെ ഫുട് ഓവര്‍ബ്രിഡ്ജുകളുണ്ട്. നഗരത്തിന്റെ തിരക്ക് പരിഗണിച്ച് അഞ്ച് ഓവര്‍ബ്രിജുകള്‍ നിലവിലുണ്ട്. ഇടപ്പള്ളിയിലും, ചളിക്കവട്ടത്തും, കണ്ണാടിക്കാടും, പനങ്ങാട്ടും, പാലാരിവട്ടത്തുമെല്ലാം സമാനമായ രീതിയില്‍ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതാണെന്ന് ഇരിക്കെയാണ് ലുലു നിര്‍മ്മിച്ച മേല്‍പ്പാലം എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നത്.
സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന് ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് വ്യക്തമാക്കി.
Discussion about this post