ആലപ്പുഴ: ഒറ്റക്കെട്ടായി നിന്ന് സിപിഎം പ്രവര്‍ത്തകര്‍ വിനീതയ്ക്ക് സമ്മാനിച്ചത് പുതു ജീവിതം. പേശീരോഗം ബാധിച്ച് തളര്‍ന്ന വിനീതയുടെ വിവാഹം സിപിഎം പ്രവര്‍ത്തകര്‍ നടത്തി. ചെട്ടികുളങ്ങര സ്വദേശിയായ വിനീത ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റിയുടെ കരുതലിലാണ് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ബുധനാഴ്ചയായിരുന്നു ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയും പാലക്കാട് സ്വദേശി സുബ്രഹ്‌മണ്യനും തമ്മില്‍ വിവാഹിതരായത്. 14 വര്‍ഷം മുമ്പായിരുന്നു പേശീ ക്ഷയരോഗം ബാധിച്ച് വിനീതയ്ക്ക് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടത്.
തുടര്‍ന്ന് വിനീതയുടെ ജീവിതം വീല്‍ ചെയറില്‍ ഒതുങ്ങി. വിനീതയുടെ സഹോദരന്‍ വിനീഷും പേശീ ക്ഷയം ബാധിച്ച് തളര്‍ന്ന അവസ്ഥയിലാണ്. ചികില്‍സയുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുകയായിരുന്നു.
അതിനിടെയാണ് തുണയായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. വിനീതയുടെ വിവാഹം നടത്താന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങി. വിവാഹ ചിലവിലേക്ക് ബിരിയാണി ചലഞ്ച് ഉള്‍പ്പെടെ നടത്തിയാണ് ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി പണം കണ്ടെത്തിയത്.
വിനീതയ്ക്കായി ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിച്ച തുകയും മാതാപിതാക്കള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കൈമാറിയിരുന്നു. വിവാഹദിനത്തില്‍ വിനീതയെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിനീതയുടെ വിവാഹം.
സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും, ജനപ്രതിനിധികളും ചടങ്ങിന് നേതൃത്വം നല്‍കി. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാവിയില്‍ ഇത്തരം മാതൃകാ പ്രവര്‍ത്തനം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
Discussion about this post