കോട്ടയം: വിദ്യാര്‍ഥികള്‍ ഇനി മുതല്‍ തന്നെ ‘സര്‍’ എന്ന് വിളിക്കേണ്ടെന്ന് അധ്യാപകനായ ഡോ. അജീസ് ബെന്‍ മാത്യൂ. കോട്ടയം കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് ഹെഡും അധ്യാപകനുമാണ് ഡോ. അജീസ് ബെന്‍ മാത്യു.
കോളോണിയല്‍ ഭരണകാലത്ത് ഭരണവര്‍ഗങ്ങളെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യുന്നതാണ് ‘സര്‍’ എന്നും വിദ്യാര്‍ത്ഥികള്‍ തന്റെ പേര് വിളിച്ചാല്‍ മതിയെന്നുമാണ് അജീസിന്റെ പക്ഷം. അജീസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികള്‍ സാറിനെ മിസ്റ്റര്‍ അജീസ് എന്നു വിളിച്ചു.
അധ്യാപക ദിനത്തില്‍ വളരെ ആലോചിച്ച് ഒരു തീരുമാനം എടുത്തിരുന്നു. സര്‍ എന്ന വിളി ഇനി കുട്ടികള്‍ക്ക് ഒഴിവാക്കാം. കൊളോണിയല്‍ ഭരണകാലത്ത് ഭരണവര്‍ഗത്തെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പദമാണ് സര്‍ എന്നുള്ളത്.
സര്‍ക്കാര്‍ ശമ്പളം വാങ്ങി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ യഥാര്‍ത്ഥത്തില്‍ ജനസേവകരാണ്. യജമാനന്മാരല്ല. വിധേയത്വത്തില്‍ അടിസ്ഥാനപ്പെട്ടുള്ളതല്ല, അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം എന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ എന്റെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സര്‍ എന്ന് വിളിക്കേണ്ടതില്ല.
പകരം പേരിനൊപ്പം മിസ്റ്റര്‍ എന്നോ, ടീച്ചര്‍ എന്നോ ഔദ്യോഗിക സ്ഥാനപ്പേരോ മെന്റര്‍സ ഗൈഡ് തുടങ്ങി സൗകര്യപ്രദമായ മറ്റ് അഭിസംബോധനകളോ ശൈലികളോ തെരഞ്ഞെടുക്കാം. കൂടുതല്‍ ഊഷ്മളമായ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ കാരണമാകട്ടെ. ഇനി മുതല്‍ ഗുഡ്മോണിംഗ് സര്‍ എന്നല്ല, ഗുഡ്മോണിംഗ് മിസ്റ്റര്‍ അജീസ് എന്നാവാം.