ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചുകൊണ്ടുപോയി, പിന്നെ അറിഞ്ഞത് സമ്മാനമടിച്ചെന്ന്, കൂളായി സമ്മാനം വാങ്ങിക്കാനെത്തിയ കള്ളനെ തൃശ്ശൂർ പോലീസ് കയ്യോടെ പിടികൂടി

തൃശ്ശൂർ: പലചരക്കു കടയിൽ നിന്നും പണം മോഷ്ടിച്ചതിനൊപ്പം ലോട്ടറി ടിക്കറ്റും അടിച്ചുമാറ്റിയ കള്ളൻ പിന്നീട് പ്രത്യക്ഷപ്പെട്ടത് മാന്യമായ വേഷം ധരിച്ച് ടിക്കറ്റുമായി മ്മാനം കൈപ്പറ്റാൻ എത്തിയപ്പോൾ. എന്നാൽ കള്ളനെ തിരിച്ചറിഞ്ഞ തൃശ്ശൂർ നഗരത്തിലെ രാഗം തിയേറ്ററിന് സമീപം അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരൻ കള്ളനെ കൈയ്യോടെ പോലീസിന് പിടിച്ചുകൊടുക്കുകയായിരുന്നു. കുണ്ടന്നൂർ ആലപ്പാടൻ സ്റ്റാൻലി(55)യാണ് അറസ്റ്റിലായത്.

ഒരേ സീരീസിലെ 12 ടിക്കറ്റുകളാണ് ഇയാൾ സമ്മാനം വാങ്ങാനായി എത്തിച്ചത്. ഓരോ ടിക്കറ്റിനും 5,000 രൂപ വീതമാണ് സമ്മാനമടിച്ചത്. കടയിലെത്തി ആകെ 60,000 രൂപ സമ്മാനം കൈപ്പറ്റാനായി കാത്തിരുന്ന സ്റ്റാൻലിയെ പോലീസെത്തി കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 25ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിലെ പലചരക്കുകടയിൽ നിന്നാണ് സ്റ്റാൻലി ഈ ടിക്കറ്റുകളും 15000 രൂപയും മോഷ്ടിച്ചത്. കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കവർന്നെടുത്തു സ്റ്റാൻലി കടന്നുകളഞ്ഞു.

പിറ്റേന്നു നടന്ന നറുക്കെടുപ്പിൽ മോഷ്ടിച്ച ടിക്കറ്റുകളിലെ ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇതോടെ ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോഷ്ടാവ് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ പോലീസ് തൃശ്ശൂരിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു.

നറുക്കെടുപ്പ് കഴിഞ്ഞ് 12ാം ദിവസമാണ് സ്റ്റാൻലി സമ്മാനത്തുക വാങ്ങാൻ ടിക്കറ്റുമായി വിൽപ്പനശാലയിലെത്തിയത്. പോലീസുദ്യോഗസ്ഥർ അറിയിച്ച സീരീസിലെ ലോട്ടറി ടിക്കറ്റുകളാണ് സ്റ്റാൻലിയുടെ കൈയിലെന്ന് മനസ്സിലായപ്പോൾ വിൽപ്പനക്കാരൻ ഇയാളെ നയത്തിൽ കടയിലിരുത്തിയതിന് ശേഷം വിവരം വെസ്റ്റ് പോലീസിലറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ സ്റ്റാൻലി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.

Exit mobile version