കടയ്ക്കാവൂർ : പാർട്ടിക്കായി സ്വന്തം സ്ഥലം എഴുതി നൽകിയ നേതാവിന് ആദരവായി അദ്ദേഹത്തിന്റെ കുടുംബത്തിനായി വീടൊരുക്കി കോൺഗ്രസ് പാർട്ടി. അന്ന് സ്ഥലം വിട്ടുനൽകിയ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വെട്ടത്ത് ആർ പൊന്നന്റെ കുടുംബത്തിനായി അരനൂറ്റാണ്ടിനിപ്പുറമാണ് പാർട്ടി പ്രവർത്തകർ വീട് ഒരുക്കുന്നത്. ആർ പൊന്നന്റെ ചെറുമകൾ ലളിതയ്ക്കാണ് കടയ്ക്കാവൂരിലെ കോൺഗ്രസ് പ്രവർത്തകർ വീട് നിർമ്മിച്ചു നൽകുന്നത്.
1960കളിൽ കടയ്ക്കാവൂരിൽ പണികഴിപ്പിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനായാണ് ആർ പൊന്നൻ സ്വന്തം ഭൂമി നൽകിയത്. കെപിസിസി പ്രസിഡന്റിന് പൊന്നൻ കൈമാറിയ സ്ഥലത്താണ് പാർട്ടി ഓഫീസിന്റെ പണി ആരംഭിച്ചത്. പിന്നീട് കാലങ്ങൾ കടന്നുപോയപ്പോൾ സാമ്പത്തിക പരാധീനതയിലായ വെട്ടത്ത് ആർ പൊന്നന്റെ കുടുംബത്തെ കൈവിടാതെ സാന്ത്വനമായിരിക്കുകയാണ് പാർട്ടിയിലെ യുവതലമുറ.
കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ലളിതയ്ക്ക് വീടുവച്ച് നൽകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥൻ വീടിന്റെ തറക്കല്ലിട്ടു. മുനീർ പള്ളിക്കൽ, അബ്ദുൽ ജബ്ബാർ എന്നിവർ ഭവനനിർമാണത്തിനുള്ള ആദ്യ ധനസഹായം നൽകി. എംജെ ആനന്ദ്, വിശ്വനാഥൻ നായർ, ബിഎസ് അനൂപ്, റസൂൽ ഷാൻ, രാധാമണി, ഓമന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.