തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ട തീവ്രത കുറയുന്ന വേളയില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി. ഓക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം എന്ന് മുഖ്യമന്ത്രി അറിയിച്ചു.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും അധ്യപാകരെയും മറ്റു ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളേജുകളിലെത്തുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് നിര്‍ദേശമുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന അനുമതി നല്‍കി. ബയോ ബബിള്‍ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങള്‍, ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.