തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. കർഫ്യൂവും ലോക്ക്ഡൗണും പിൻവലിച്ചതോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്. നൂറ് ശതമാനം പേർക്കും ആദ്യഡോസ് വാക്‌സിൻ എന്ന ലക്ഷ്യത്തിനാവും ഇനി ആരോഗ്യവകുപ്പിന്റെ ശ്രദ്ധ.
സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേർ ആദ്യഡോസ് വാക്‌സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്‌സിനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാനസർക്കാർ നടത്തിയ യോഗത്തിൽ നിർദേശമുയർന്നിരുന്നു.
ഓണത്തിന് ശേഷം സർക്കാർ ഭയപ്പെട്ട രീതിയിൽ കോവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറയുന്ന പ്രവണതയുണ്ടായതും സർക്കാരിനെ നിർണായക തീരുമാനത്തിലെത്തിക്കുകയായിരുന്നു.