തട്ടുകട മുടക്കമില്ലാതെ തുറക്കാൻ സുധീഷിനും ദിലീഷിനും സഹായ പ്രവാഹം; മോഷണം പോയ സാധനങ്ങൾക്കൊപ്പം കട നവീകരിക്കാനും സഹായം

ആലുവ: ഏക വരുമാനമാർഗമായ തട്ടുകടയിൽ നടന്ന മോഷണം കാരണം ജീവിതം വഴിമുട്ടിയ ദിലീഷ്, സുധീഷ് എന്നീ സുഹൃത്തുക്കൾക്ക് കൈത്താങ്ങായി സഹായപ്രവാഹം. ഇരുവർക്കും വീണ്ടും ജീവിതം കെട്ടിപ്പടുക്കാനായി സഹായഹസ്തവുമായി ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ തേടിയെത്തി.

അനാരോഗ്യം മൂലം ജോലി വിടേണ്ടി വന്ന ദിലീഷും സുധീഷും ചേർന്നു ആലുവ കമ്പനിപ്പടിയിൽ തുടങ്ങിയ തട്ടുകടയിലെ സാധനസാമഗ്രികൾ മോഷണം പോയിരുന്നു. ചികിത്സയ്ക്കായി കട ഒരാഴ്ച അടച്ചിട്ടപ്പോഴാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ താഴ് തകർത്ത് മോഷണം നടന്നത്.

ദിലീഷിന്റെ അമ്മയുടെ കമ്മലുകൾ വിറ്റു കിട്ടിയ പണം കൊണ്ടാണു കട തുടങ്ങിയതെന്നും ഇനി വിൽക്കാൻ അമ്മയ്ക്ക് ആഭരണം ഇല്ലാത്തതിനാൽ കൊണ്ടുപോയവ തിരികെ തരണമെന്നായിരുന്നു മോഷ്ടാവിനോട് ഈ യുവാക്കൾ അഭ്യർഥിച്ചിരുന്നത്.

ഇവരുടെ കഷ്ടത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് തേടി ആദ്യമെത്തിയത്. നഷ്ടപ്പെട്ട ബാറ്ററികളും റൈസ് കുക്കറുകളും വാങ്ങി നൽകാമെന്നു പറഞ്ഞ അദ്ദേഹം കട വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകൾക്ക് പ്രചോദനം നൽകിയാണ് മടങ്ങിയത്.

കളമശേരി അഭയ ഓൾഡ് ഏജ് ഹോം മാനേജിങ് ട്രസ്റ്റി കെസി തോമസ് 8000 രൂപയും വൃക്കദാനത്തിലൂടെ ശ്രദ്ധേയയായ തായിക്കാട്ടുകര സ്വദേശി ഡീന 2500 രൂപയും നൽകി.

ആലുവയിലെ ഇന്റർനാഷനൽ സ്‌കൂൾ ഓഫ് വെൽഡിങ് എംഡി എസ്എൻ പുരം സ്വദേശി ജോജി ജോസഫ് ഒരാഴ്ചയ്ക്കുള്ളിൽ ഇവർക്കു പുതിയ തട്ടുകട നിർമ്മിച്ചു നൽകാമെന്നേറ്റു. ദേശീയപാതയോരത്താണു കട എന്നതിനാൽ അഴിച്ചുമാറ്റാനും കൊണ്ടുനടക്കാനും പറ്റുന്ന തരത്തിലാണു പണിതു നൽകുക.

ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അംഗങ്ങളായ റംല അലിയാർ, ലീന ജയൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സിപി നാസർ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം രാജു കുംബ്ലാൻ എന്നിവരും യുവ സംരംഭകരെ സഹായിക്കാൻ രംഗത്തെത്തി.

ചിത്രം കടപ്പാട്: മനോരമ

Exit mobile version