കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ നവമാധ്യമ താരം നിമിഷ. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണെന്ന് താരം പറയുന്നു. താനും മതവും വിശ്വാസവും ഉള്ള വ്യക്തി തന്നെയാണെന്നും, പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും നിമിഷ പറയുന്നു. ഇപ്പോള്‍ ഭീഷണി മൂലം, ആരും അറിയാത്ത സ്ഥലത്താണ് നില്‍ക്കുന്നതെന്നും നിമിഷ പറഞ്ഞു.
നിമിഷയുടെ വാക്കുകള്‍;
ഓണത്തിന് മുമ്പാണ് ഓതറ എന്ന സ്ഥലത്ത് ഫോട്ടോ ഷൂട്ടിന് പോകുന്നത്. സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഉണ്ണി പുലിയൂര്‍ എന്നയാളാണ് ക്രമീകരണങ്ങള്‍ നടത്തിയത്. മൂന്നാല് വര്‍ഷമായി എനിക്ക് അറിയാവുന്ന വ്യക്തിയാണയാള്‍. ആനയുണ്ട്, ഇവിടെ വന്നാല്‍ ഫോട്ടോഷൂട്ട് നടത്താം. ഞങ്ങളുടെ അമ്പലമൊക്കെ ഒന്ന് ഫെയ്മസ് ആകട്ടെ എന്ന് പറഞ്ഞാണ് വിളിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകാനായി വ്രതമെടുത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഷൂവോ ചെരുപ്പോ ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചത്. ജീന്‍സോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയും തന്നയാണ് ഉപയോഗിച്ചത്. ക്ഷേത്രം അടച്ചിട്ടിരുന്നതിനാല്‍ തന്നെ അകത്ത് കയറിയില്ല, പുറത്തുനിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഷൂട്ടിനായി പോയപ്പോള്‍ മോഡേണ്‍ വസ്ത്രമടക്കം കൈവശമുണ്ടായിരുന്നു. അത് ധരിച്ച് പുഴയുടെ അരികിലേക്ക് പോയപ്പോഴാണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതില്‍ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതില്‍ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല. പള്ളിയോടമാണെന്നോ കയറാന്‍ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നുമില്ല. ഇപ്പോള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് കൂടെ വന്നയാളും പറഞ്ഞത്.
ഫോട്ടോ എടുത്ത് ഒരു മാസത്തിന് ശേഷമാണ് അത് എഡിറ്റ് ചെയ്ത് കിട്ടുന്നതും പോസ്റ്റ് ചെയ്യുന്നതും. പോസ്റ്റ് ചെയ്തതിന് പിന്നാലെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് ഉണ്ണി വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്തിന് പിന്നാലെ ആക്ഷേപിക്കുന്ന കമന്റുകളാണ് ഫെയ്സ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്നലേയും ഇന്നുമായി വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. രാത്രി അടക്കമാണ് കോളുകള്‍ വരുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാല്‍ തന്നെ സ്റ്റേഷനില്‍ നിന്നല്ലെന്ന് മനസിലായി. സ്റ്റേഷനില്‍നിന്നാണെന്നും മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനില്‍ നിന്നാണോ വിളിക്കുന്നതെന്നോ, ആരാണ് വിളിക്കുന്നതെന്നോ അറിയാന്‍ പറ്റുന്നില്ല. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ എങ്ങനെ പോലീസ് സ്റ്റേഷനില്‍ ചെല്ലും. മൂന്നുനാല് വട്ടം തിരുവല്ല പോലീസ് സ്റ്റേഷന്റെ നമ്പര്‍ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല.
പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നില്ല. മതവും വിശ്വാസവുമെല്ലാം ഉള്ള വ്യക്തി തന്നയാണ് ഞാന്‍. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല.