തൃശൂര്‍: കണ്ടാല്‍ വെറുമൊരു ലോഹത്തകിടാണെങ്കിലും ദുരൂഹസംഘം ഈ വസ്തുവിനിട്ടിരിക്കുന്ന വില 100 കോടി രൂപയാണ്. കുതിരപ്പട്ടയം എന്ന പേരില്‍ കുന്നംകുളം, ഗുരുവായൂര്‍ മേഖലകളിലാണ് ഈ വസ്തു കറങ്ങുന്നത്. ഈ കുതിരപ്പട്ടയത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് തട്ടിപ്പുസംഘത്തിന്റെ അവകാശവാദം.
ഈ ലോഹത്തകിട് കയ്യിലുണ്ടെങ്കില്‍ വെടിയേല്‍ക്കില്ല, വെട്ടേല്‍ക്കില്ല എന്നൊക്കെയാണ് തട്ടിപ്പുസംഘത്തിന്റെ പ്രചാരണങ്ങള്‍. ഇതുവരെ 4 പേര്‍ കുതിരപ്പട്ടയം വാങ്ങാന്‍ സന്നദ്ധരായി ‘അഡ്വാന്‍സ്’ കൈമാറി വഞ്ചിതരായെന്നാണു സൂചന. ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ എയര്‍ഗണ്‍ ഉപയോഗിച്ചു കയ്യിലേക്കു വെടിവയ്ക്കുന്ന വിഡിയോയും ഇവര്‍ കാട്ടിക്കൊടുക്കും.
തമിഴ്‌നാട്ടിലെ ഒരു പ്രാചീന കൊട്ടാരം പൊളിച്ചപ്പോള്‍ ലഭിച്ച അദ്ഭുത ലോഹമാണു കുതിരപ്പട്ടയം എന്നതാണു തട്ടിപ്പുകാരുടെ അവകാശവാദം. ഇതു കൈവശമുണ്ടെങ്കില്‍ മറ്റൊരു ലോഹവും ശരീരത്തെ മുറിവേല്‍പ്പിക്കില്ലെന്നതാണ് ഇവരുടെ ‘അദ്ഭുതവാദം’.
കൂട്ടത്തിലൊരാളുടെ മൊബൈല്‍ ഫോണിലേക്കു വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ ഇവര്‍ ഇടപാടിനു തയാറാകും. വാട്‌സാപ്പിലൂടെ കുതിരപ്പട്ടയത്തിന്റെ സിദ്ധികള്‍ വിവരിക്കും. അതീവ രഹസ്യമായാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഗുരുവായൂരിനടുത്ത് ഒരു വീടു വാടകയ്‌ക്കെടുത്താണ് ഇടപാടുകള്‍.
തട്ടിപ്പല്ലെന്നു ബോധ്യപ്പെടുത്താന്‍ ചില വിദ്യകളും ഇവര്‍ കാട്ടും. ഒരു കോഴിയുടെ കാലില്‍ കുതിരപ്പട്ടയം വച്ചുകെട്ടിയ ശേഷം കത്തികൊണ്ട് അറുക്കാന്‍ ശ്രമിക്കുക, ഈ തകിട് കയ്യില്‍ പിടിച്ച ശേഷം എയര്‍ ഗണ്‍ ഉപയോഗിച്ചു വെടിവയ്ക്കുക എന്നിങ്ങനെയാണ് വിദ്യകള്‍.
എന്നാല്‍, ഇവ വിശ്വസനീയമല്ലെന്നു വിഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകും. എന്നിട്ടും വര്‍ക്കല സ്വദേശികളായ ഒരു കൂട്ടര്‍ കുതിരപ്പട്ടയം വാങ്ങാന്‍ സന്നദ്ധരായി കുന്നംകുളത്ത് എത്തിയെന്നും ഇവരെ തട്ടിപ്പുസംഘം ബന്ദികളാക്കി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.
Discussion about this post