കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കമുണ്ടായ നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകളും നെഗറ്റീവ്. പൂണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ചാണ് എട്ടു പേരുടെ മൂന്ന് വീതം സാംപിളുകൾ പരിശോധിച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരും അടക്കമുള്ളവരാണ് ഈ എട്ടുപേർ. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തിൽ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്, ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉൾപ്പെട്ടതായി മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. ഉയർന്ന സാധ്യതയുള്ള 54 പേരാണുള്ളത്.
Discussion about this post