കൊച്ചി: താൽപര്യമുള്ളവർക്ക് കോവിഷീൽഡ് വാക്സിൻ 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഹൈക്കോടതി. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചാണ് ഹൈക്കോടതി വിധി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സിൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാകസിന്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സിൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.
2021 ജനുവരിയിൽ വാക്സിനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച(42 ദിവസം)യായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തി. വാക്സിന്റെ ഗുണഫലം വർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ 84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന ചോദ്യത്തിന് ഇടവേള വർധിപ്പിച്ചാൽ കോവിഷിൽഡിന്റെ ഗുണഫലം കൂടുമെന്ന കേന്ദ്രം നൽകിയ മറുപടി ശാസ്ത്രീതമായ തെളിവില്ലാതെയെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. കോവിഷീൽഡ് വാക്സിന്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാടും എടുത്തിരുന്നു. എന്നാൽ ഈ നിലപാട് തള്ളിയാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സിൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സിൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്സിൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം.
സർക്കാർ ആശുപത്രികൾ വഴിയുള്ള സൗജന്യ വാക്സീൻ സ്വീകരിക്കുന്നവർക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാം. വാക്സിൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post