നടുറോഡില്‍ കളഞ്ഞുപോയ പണത്തിന് കാവലിരുന്ന പൂച്ചയോടും പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച റിട്ടയേര്‍ഡ് പൊലീസുകാരനോടും എങ്ങനെ നന്ദി പറയുമെന്നറിയാതെ സനോജ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ പണം തിരികെ കിട്ടിയതിന്റെ അമ്പരപ്പില്‍ നിന്നും സനോജ് ഇനിയും മുക്തനായിട്ടില്ല.
ശനിയാഴ്ചയായിരുന്നു സംഭവം. തൊമ്മച്ചേരിയിലെ വീട് നിര്‍മാണ സ്ഥലത്ത് സിമന്റ് ഇറക്കിയ വകയില്‍ ഉടമയ്ക്കു നല്‍കാനായി ഏല്‍പിച്ച തുകയായിരുന്നു നഷ്ടപ്പെട്ടത്. വണ്ടിയിലെ ഗിയര്‍ബോക്‌സില്‍ നിന്നും പണം നടുറോഡില്‍ വീണത് സനോജ് അറിഞ്ഞിരുന്നില്ല.
പിന്നീട് പാമ്പാടിയിലെത്തി പണം നോക്കുമ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസിലായത്. ഉടന്‍ തിരിച്ചെത്തി വഴിയിലെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കറുകച്ചാലിലും പാമ്പാടിയിലും എത്തി പൊലീസില്‍ പരാതി നല്‍കി മടങ്ങി. പണം തിരികെ കിട്ടുമെന്ന് ഒരു പ്രതീക്ഷയും സനോജിനുണ്ടായിരുന്നില്ല.
നടുറോഡില്‍ പൂച്ച ഇരിക്കുന്നത് കണ്ട് നോക്കാനെത്തിയ റിട്ടയേര്‍ പൊലീസുകാരന്‍ അശോക് കുമാറാണ് പണം കണ്ടെത്തിയത്. പരുക്കേറ്റ പൂച്ചയാണെന്ന് കരുതി വണ്ടി നിര്‍ത്തിയതായിരുന്നു അശോക് കുമാര്‍. പണത്തിന് കാവലിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതും സമീപത്തുണ്ടായിരുന്നവരോട് പണം നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിച്ചു.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പണം ഏല്‍പ്പിക്കുകയായിരുന്നു. അപ്പോഴാണ് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചെന്ന വിവരം പൊലീസുകാര്‍ അശോകിനെ അറിയിക്കുന്നത്. ഇന്നലെ രാവിലെ കറുകച്ചാല്‍ എസ്‌ഐ എ.ജി.ഷാജന്റെ നേതൃത്വത്തില്‍ പണം സനോജിന് കൈമാറി.