ചെറുപ്പക്കാരനായി പഞ്ചാബിലേയ്ക്ക് വണ്ടികയറിയ കുഞ്ഞുപിള്ളയുടെ മടക്കം വധോധികനായി; മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ കുടുംബം, കടന്നുപോയത് 40 വര്‍ഷം

പന്തളം: ജോലിതേടി പഞ്ചാബിലേയ്ക്ക് വണ്ടി കയറിയ കുഞ്ഞുപിള്ള തിരിച്ചെത്തി. നീണ്ട 40 വര്‍ഷത്തിന് ശേഷമാണ് മടക്കം. സുന്ദരമായ ജീവിതം സ്വപ്‌നം കണ്ട് വീട് വിട്ടിറങ്ങിയ ചെറുപ്പക്കാരനായ കുഞ്ഞുപിള്ളയുടെ മടക്കം വയോധികനായ ശേഷമാണ്. എന്നിരുന്നാലും മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

പന്തളം മുടിയൂര്‍ക്കോണം കീപ്പള്ളില്‍ കുഞ്ഞുപിള്ളയ്ക്ക് നാട്ടിലെത്തിയതിന്റെ സന്തോഷം പറഞ്ഞാല്‍ തീരാത്തതുമാണ്. പഞ്ചാബിലുണ്ടായിരുന്ന ചന്ദനപ്പള്ളി സ്വദേശികളായ ബന്ധുക്കള്‍ക്കരികിലേക്കാണ് കുഞ്ഞുപിള്ള തന്റെ സ്വപ്‌നങ്ങള്‍ തേടിയെത്തിയത്. പിന്നീട് പല കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിനോക്കി. എ.കെ.പിള്ളയെന്ന പേരിലായിരുന്നു ബന്ധുക്കള്‍ക്കും മലയാളികള്‍ക്കുമിടയില്‍ അറിയപ്പെട്ടിരുന്നത്.

15 വര്‍ഷത്തോളം ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് നിന്നിരുന്നു. പിന്നീട് ബന്ധങ്ങള്‍ ഇല്ലാതായി. വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്ത ഇദ്ദേഹം ബന്ധുക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. അന്വേഷിച്ചുവെങ്കിലും കുഞ്ഞുപിള്ളയുടെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

മൂന്നുമാസം മുമ്പാണ് അടുത്ത സുഹൃത്തുക്കളോട് നാട്ടിലെത്തണമെന്ന ആഗ്രഹം അറിയിച്ചത്. ഇവര്‍ കേരള സമാജം പ്രസിഡന്റും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനുമായ കെ.ആര്‍.അരവിന്ദാക്ഷനുമായി ബന്ധപ്പെടുകയും പന്തളം പോലീസ് വഴി പന്തളത്തുള്ള കുടുംബവീട് കണ്ടെത്തി. ബന്ധുവായ റിട്ട. എസ്.ഐ. കെ.സി.സോമനും വേണ്ട സഹായങ്ങള്‍ ചെയ്തു. പിന്നെ വീട്ടുകാര്‍ക്ക് ബന്ധുവിനെ കാണാന്‍ തിടുക്കമായി. ഇളയസഹോദരന്‍ ശ്രീധരനും മൂത്ത സഹോദരിയുടെ മകന്‍ സുനിലും പഞ്ചാബിലെത്തി കുഞ്ഞുപിള്ളയെ നേരില്‍കണ്ട് സംസാരിക്കുകയും ചെയ്തു. ഇവര്‍ കുഞ്ഞുപിള്ളയേയും കൂട്ടി ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തി. കുഞ്ഞുപിള്ള അവിവാഹിതനാണ്.

Exit mobile version