മുൻപ് മറ്റാർക്കെങ്കിലും നിപ ബാധിച്ചോയെന്ന് പരിശോധിക്കും; നിലവിലെ സ്‌റ്റോക്കിന് പുറമെ ഓസ്‌ട്രേലിയയിൽ നിന്നും കൂടുതൽ മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

കോഴിക്കോട്: ഞായറാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങൾ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. മരിച്ച കുട്ടിക്കു മുൻപ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ എന്നു കണ്ടെത്താനാണിത്. ഇതടക്കമുള്ള കാര്യങ്ങൾക്കായി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 188 പേരിൽ 136 പേർ ആരോഗ്യ പ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളേജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരെ ചികിത്സയ്ക്കായി മാറ്റി.

ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ നിലവിൽ സ്റ്റോക്കുണ്ടെന്നും ഏഴു ദിവസത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽനിന്നു കൂടുതൽ മരുന്ന് എത്തിക്കുമെന്നും ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. നിരീക്ഷണ പട്ടികയിൽ ഉള്ളവരുടെ സ്രവ സാംപിൾ പരിശോധന വേഗത്തിൽ പൂർത്തിയാക്കാനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കുന്നുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കുട്ടിയുടെ വീട് ഉൾപ്പെടുന്ന സ്ഥലം മുതലുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version