വിദ്യാര്‍ഥികളുടെ പഠനം മുടങ്ങരുത്: സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സമൂസ നിര്‍മ്മിച്ച് യുവ അധ്യാപകന്‍

മങ്കട: അധ്യാപകദിനത്തിലും ഷഫീഖ് തുളുവത്ത് (28) എന്ന യുവഅധ്യാപകന്‍ ഉറക്കമൊഴിച്ച് സമൂസ നിര്‍മാണത്തിലാണ്. കോവിഡ് കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ പരിശ്രമിക്കുകയാണ് ഇദ്ദേഹം.

കുറുവ എയുപി സ്‌കൂളിലെ അധ്യാപകനാണ് ഷഫീഖ്. രാത്രി 11.30 മുതല്‍ രാവിലെ ഏഴ് വരെ ഉറക്കമൊഴിച്ച് സമൂസ കമ്പനിയില്‍ ജോലി ചെയ്ത് ദിവസേന കിട്ടുന്ന 700 രൂപ ശേഖരിച്ച് നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്തി സഹായിക്കുകയാണ് ഈ യുവ അധ്യാപകന്‍.

നിര്‍ധന കുടുംബത്തിലെ രക്ഷിതാക്കള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ധനസമാഹരണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, പണം തികയാതെ വന്നപ്പോഴാണ് തന്റെ പഴയ ജോലിയിലേര്‍പ്പെട്ട് പണം കണ്ടെത്താന്‍ തീരുമാനിച്ചത്.

പഠനകാലത്ത് താന്‍ അനുഭവിച്ച ഇല്ലായ്മയുടെ അനുഭവങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നതിനാലാണ് ഈ ശ്രമമാരമഭിച്ചത്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ഷഫീഖ് ഇപ്പോള്‍ കലക്ടറേറ്റിലെ കോവിഡ് വാര്‍ റൂമിലും സേവനം ചെയ്യുന്നുണ്ട്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 7 പേര്‍ക്ക് ഷഫീഖിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി. ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വീട്ടിലെ 2 വിദ്യാര്‍ഥികളെ സഹായിക്കാനാണ് ഷഫീഖ് തന്റെ പഠന കാലത്ത് ചെയ്ത തൊഴിലിലേക്ക് മടങ്ങിയത്.

പഠനത്തോടൊപ്പം കലാരംഗത്തും മികവ് കാണിച്ച ഷഫീഖ് തനിക്ക് കിട്ടിയ പ്രചോദനത്തെ തുടര്‍ന്നാണ് ആറ് വര്‍ഷം മുമ്പ് അധ്യാപന മേഖലയില്‍ എത്തിപ്പെട്ടത്. അധ്യാപനത്തില്‍ മികവേറിയ രീതികള്‍ അവലംബിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അധ്യാപകനാണ്.

എട്ടാം ക്ലാസ് മുതല്‍ അധ്യാപക യോഗ്യത നേടുന്നതു വരെ താന്‍ പഠന ചെലവിന് വഴി കണ്ടെത്തിയത് സമൂസ തയാറാക്കിയാണെന്നും ഷഫീഖ് പറയുന്നു. സമൂസപ്പടിയിലെ തുളുവത്ത് അഹമ്മദ് കുട്ടിയുടെയും സഫിയയുടെയും മകനാണ്. വെള്ളില സ്വദേശിനി ഇകെ സഫ റസ്മയാണ് ഭാര്യ. മൂന്ന് മാസം പ്രായമായ ഷിമാസ് അയ്‌സല്‍ മകളാണ്.

Exit mobile version