കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12 വയസുള്ള കുട്ടി മരിച്ചതിന് പിന്നാലെ സമ്പർക്കത്തിലേർപ്പെട്ട രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഈ രണ്ടുപേരും ആരോഗ്യ പ്രവർത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും ഓരോ ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കുട്ടിക്ക് പനി വന്നപ്പോൾ ആദ്യ പോയത് സ്വകാര്യ ക്ലിനിക്കിലായിരുന്നു. ഇവിടെയുള്ള ഒമ്പത് പേരുമായി സമ്പർക്കമുണ്ട്. അതിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ ഏഴോളം പേരുമായാണ് സമ്പർക്കത്തിൽ വന്നത്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പർക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
സമ്പർക്കത്തിൽ വന്നവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്. ഇതിൽ ഹൈറിസ്‌കിലുള്ളത് 20 പേരാണ്. ഇവരിൽ രണ്ടു പേർക്കാണ് രോഗ ലക്ഷണമുണ്ടായത്. ഇന്ന് നാലു മണിക്കകം ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കൽ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാൻ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യനിലയിൽ നിപ പോസിറ്റീവായ രോഗികൾ ഉണ്ടാകുകയാണെങ്കിൽ അവരെ പാർപ്പിക്കും. മറ്റുരണ്ടു നിലകളിൽ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് സമ്പർക്കമുള്ള കൂടുതൽ പേരെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് മാവൂരാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമീപജില്ലകളായ കണ്ണൂരും മലപ്പുറത്തും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post