പോത്തന്‍കോട്: പഞ്ചരത്നം വീട്ടിലെ ഉത്രജയും വിവാഹിതയായി. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ചായിരുന്നു ഉത്രജയുടെയും പത്തനംതിട്ട സ്വദേശി ആകാശിന്റെയും വിവാഹം.
അഞ്ചു സഹോദരങ്ങളില്‍ സഹോദരിമാരായ ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹം കഴിഞ്ഞ ഒക്ടോബര്‍ 24 ന് ഗുരുവായൂരില്‍ നടന്നിരുന്നു. കുവൈറ്റില്‍ അനസ്തീഷ്യാ ടെക്‌നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശിന് കോവിഡ് വ്യാപനം മൂലം അന്ന് എത്താന്‍ കഴിയാത്തതിനാലാണ് ഉത്രജയുടെ വിവാഹം മാറ്റിവച്ചത്.
1995 നവംബര്‍ 18 നാണ് പ്രേം കുമാറിനും രമാദേവിക്കും ഈ അഞ്ച് കണ്‍മണികള്‍ ജനിക്കുന്നത്. ഭര്‍ത്താവ് മരണപ്പെട്ടതിനു ശേഷം അഞ്ച് മക്കളെയും സഹകരണ ബാങ്കിലെ ചെറിയ വരുമാനമുള്ള ജോലി ചെയ്തായിരുന്നു രമാദേവി നോക്കിയിരുന്നത്.
ഒരുമിച്ചായിരുന്നു ഇവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടന്നിരുന്നത്. എന്നാല്‍ വിവാഹം മാത്രം ഒരു ദിവസം മൂന്ന് പേരുടെ മാത്രമേ നടത്തുവാന്‍ സാധിച്ചിരുന്നുള്ളു.
കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യാ ടെക്‌നീഷ്യയാണ് ഉത്രജ. അമൃത മെഡിക്കല്‍ കോളേജില്‍ സഹപ്രവര്‍ത്തകരായിരുന്നു ആകാശും ഉത്രജും, ആ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഓണ്‍ലൈന്‍
മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ഉത്തരയെയും മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ എസ് അജിത്കുമാര്‍ ഫാഷന്‍ ഡിസൈനറായ ഉത്രയെയും മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യാ ടെക്‌നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിച്ചത്.
കഴിഞ്ഞമാസം പഞ്ചരത്‌നത്തില്‍ ആദ്യത്തെ കണ്‍മണിയും പിറന്നിരുന്നു. ഉത്തരയുടെയും മഹേഷിന്റെയും മകന്‍ ധാര്‍മിക്.