കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണത്തിനായി നാലിന നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. നിപ സംശയിക്കുന്നവരുണ്ടെങ്കിൽ അവരെ എത്രയും വേഗം കണ്ടെത്തണം, 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കണം, ക്വാറന്റീനും ഐസോലേഷനും ഒരുക്കണം, സ്രവ പരിശോധന ഉടൻ പൂർത്തിയാക്കണം എന്നിവയാണ് കേന്ദ്രസംഘത്തിന്റെ നിർദേശങ്ങൾ.
കോഴിക്കോട് 12കാരൻ നിപ ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചിരുന്നു. ഞായാറാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലാണ് 12 വയസുകാരൻ മരിച്ചത്. മസ്തിഷ്‌കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ചികിത്സ തേടിയത്.
പിന്നീട് കുട്ടിക്ക് നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയും തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയയ്ക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി പിന്നീട് അറിയിച്ചു.
സെപ്റ്റംബർ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം 17 പേർ നിരീക്ഷണത്തിലാണ്.
Discussion about this post