തിരുവനന്തപുരം: വിഎസ്എസ്‌സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐഎസ്ആര്‍ഒ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്‌സി അധികൃതര്‍ പറഞ്ഞു.
വിന്‍ഡ് ടണല്‍ പദ്ധതിക്ക് മുംബൈയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ അടങ്ങിയ വാഹനങ്ങളാണ് തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തില്‍ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്‌സി അധികൃതര്‍ പറഞ്ഞു. അതേസമയം തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പ്രദേശത്ത് തുടരുകയാണ്.
വിന്‍ഡ് ടണല്‍ പദ്ധതി തിരുവനന്തപുരം വേളിയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് മുതല്‍ പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ കരാര്‍ ജോലികള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്ന ആവശ്യമായിരുന്നു നാട്ടുകാര്‍ ഉന്നയിച്ചത്. ഐഎസ്ആര്‍ഒയുടെ സുരക്ഷ കണക്കിലെടുത്ത് ജോലി നല്‍കാനാകില്ലെന്ന നിലപാടായിരുന്നു അധികൃതര്‍ സ്വീകരിച്ചത്.
Discussion about this post