തൃശ്ശൂർ: ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകന്റെ ഡിജിറ്റൽ പഠനത്തിനായി നൽകിയ മൊബൈൽ ഫോൺ കാരണം നഷ്ടമായത് നാലു ലക്ഷം രൂപ. ഒൻപതാം ക്ലാസുകാരൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ.
കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച പണമാണ് മകന്റെ അശ്രദ്ധ കാരണം നഷ്ടമായത്. മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷമാണ്. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്.
ആശങ്കയിലായ ഇവർ കൂടുതൽ അന്വേഷിച്ചെങ്കിലും ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചതോടെയാണ് വീടിനുള്ളിലിരുന്ന് ഭീമമായ തുക നഷ്ടപ്പെടുത്തിയ മകന്റെ ചെയ്തി വീട്ടുകാർ അറിഞ്ഞത്.
പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു. ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു.
ഈ ഫോണിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്. ബാങ്കിൽനിന്നുള്ള മെസേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുകമുഴുവൻ ചോർന്നുപോയി. അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പോലീസ് തന്നെ കൗൺസിലിങ് ഏർപ്പെടുത്തി.
Discussion about this post