തിരുവനന്തപുരം: അന്തർസംസ്ഥാന വാഹനമോഷണം അടക്കമുള്ള കവർച്ചാ കേസുകളിലെ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടത് പോലീസിന് നാണക്കേടായി. പ്രതി പോലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. വാഹന മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ ‘തിരുവല്ലം ഉണ്ണി’ എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ (49).
വെള്ളിയാഴ്ച രാത്രിയിൽ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ പോലീസിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വന്ന വാഹനം പിടികൂടിയത്. സംശയത്തെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ടതിനു ശേഷമാണ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് ഇയാൾക്കായി അന്വേഷണം നടക്കുന്ന രാത്രിയിൽ തന്നെ പ്രദേശത്തെ പലയിടങ്ങളിലും മോഷണം നടന്നതും പോലീസിന് തലവേദനയായി. മൊബൈൽ ഫോണും ബുള്ളറ്റും ഹെൽമറ്റും മോഷ്ടിക്കാനാണ് ശ്രമം നടത്തിയത്. ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചെങ്കിലും പെട്രോൾ തീർന്നതിനാൽ ബൈക്ക് ഉപേക്ഷിച്ചു. ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ കിളിമാനൂർ മഹാദേവേശ്വരത്തെത്തിയ ഉണ്ണിയെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. ഉണ്ണിക്കായി കിളിമാനൂർ പോലീസും സമീപ സ്റ്റേഷനുകളിലെ പൊലീസുകാരും അടക്കം അമ്പതോളം പേരാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും തെരച്ചിൽ നടത്തിയത്. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി.
ഇടയ്ക്കിടെ ജയിലിലാകുന്ന ഇയാൾ പുറത്തിറങ്ങിയാൽ മോഷണം പതിവാണ്. മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താൽ അർദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം കമ്പിപ്പാരയും ഹെൽമറ്റുമായാണ് ഇയാൾ മോഷണത്തിനിറങ്ങുന്നത്.
Discussion about this post