കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെ മരിച്ച 12കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. 2018 മേയിലായിരുന്നു കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട് തന്നെയായിരുന്നു ആദ്യ കേസ്. അന്ന് നഴ്‌സ് ലിനിയടക്കം 18പേര്‍ മരണത്തിന് കീഴടങ്ങി. ഇതില്‍ രണ്ട് മരണം മലപ്പുറം ജില്ലയിലായിരുന്നു. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം പടര്ന്നത്. ജൂണ് 30നാണ് നിപ്പ മുക്തമായി രണ്ട് ജില്ലകളേയും പ്രഖ്യാപിച്ചു.
എന്നാല്‍ 2019 ജൂണില്‍ വീണ്ടും നിപ തിരിച്ചെത്തി. കൊച്ചിയില്‍ 23 കാരനായ വിദ്യാര്‍ഥിക്ക് സ്ഥിരീകരിച്ചെങ്കിലും മരണമുണ്ടായില്ല. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് നിപ. മലേഷ്യയിലെ സുങകായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്.
ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ പടരാം. നിപയുടെ മരണനിരക്ക് കൂടുതലായതുകൊണ്ടുതന്നെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടേക്ക് ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും തിരിച്ചു.
മന്ത്രിമാരായ വീണാ ജോര്‍ജും മുഹമ്മദ് റിയാസും കോഴിക്കോട്ട് ഉടന്‍ എത്തും. 10 മണിക്ക് ആരോഗ്യമന്ത്രി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഗസ്റ്റ്ഹൗസിലും, കലക്ടറേറ്റില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം 12 മണിക്കും ചേരും.
Discussion about this post