തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയന്. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല. അയാള്‍ ആ ദിവസം വീട്ടില്‍ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.
Discussion about this post