കല്‍പ്പറ്റ: ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി നേടുന്ന വിജയങ്ങള്‍ എപ്പോഴും പ്രചോദനം പകരുന്നവയാണ്. കൂലിപ്പണിയെടുത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ച ഭൂതകാലത്തില്‍ നിന്നും പിഎച്ച്ഡിക്കാരനിലേക്കുള്ള നിറമുള്ള ജീവിത യാത്ര പങ്കുവയ്ക്കുകയാണ് വയനാട്ടുകാരന്‍ നജീബ് വിആര്‍.
വയനാട്ടിലെ തോട്ടം തൊഴിലാളികളെ കുറിച്ചുള്ള പഠനത്തിലാണ്
തേറ്റമല സ്വദേശിയായ വിആര്‍ നജീബ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ജെഎന്‍യുവിലെ സോഷ്യോളജി വിഭാഗത്തില്‍ നിന്നാണ് നജീബ് പിഎച്ച്ഡി ഗവേഷണം പൂര്‍ത്തികരിച്ചത്. ഇതേ വിഷയത്തില്‍ ലോക പ്രശസ്തമായ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്.
തേറ്റമല സ്വദേശികളായ വള്ളിയാട്ട് റഷീദിന്റെയും റംലയുടെയും മകനാണ് നജീബ്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ സുനൈജയാണ് ഭാര്യ. ഫാറൂഖ് കോളജിലെ യുയുസി, ജെഎന്‍യുവിലെ എസ്എഫ്ഐ യൂനിറ്റ് ഉപഭാരവാഹി, എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിജയത്തിലേക്കുള്ള യാത്രയെ കുറിച്ച് നജീബ് കുറിച്ചതിങ്ങനെ:
‘ഞങ്ങളുടെ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞതും നാട്ടിലെ ആസ്സാം ബ്രൂക്ക് തേയില എസ്റ്റേറ്റ് അപ്രതീക്ഷിതമായി ലോക്കൗട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ഭൂരിപക്ഷവും പണിയില്ലാതെ പട്ടിണിയുടെ അരികിലെത്തി നില്‍ക്കുന്ന കാലം.
എല്ലാവരും ജോലി അന്വേഷിച്ച് പല സ്ഥലങ്ങളിലേക്കും പോയി. സുഹൃത്തുകളായ വിജേഷിനും പ്രമോദിനുമൊപ്പം ഞാനും ജോലി അന്വേഷിക്കാന്‍ തുടങ്ങി. പുളിഞ്ഞാല്‍ മലയില്‍ പുതുതായി വരുന്ന ഒരു റിസോര്‍ട്ടില്‍ പണിക്കാരെ ആവശ്യമുണ്ടെന്ന് സുധീഷും, സതീഷും പറഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം എന്ത് പണിയാണെങ്കിലും പോവുക തന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
രാവിലെ 6.45 ന് റേഡിയോയില്‍ ഹക്കിന്‍ കൂട്ടായി വാര്‍ത്ത വായിക്കുമ്പോള്‍ ഒരു കവറില്‍ പഴയ കള്ളിത്തുണിയും കീറിയ ടീ ഷര്‍ട്ടും ഇട്ട് വെള്ളമുണ്ട വരെ രണ്ട് കീലോ മീറ്ററോളം നടക്കും. അവിടുന്ന് ഓട്ടോ പിടിച്ച് പുളിഞ്ഞാലില്‍ പോകും. വീണ്ടും മലയിലേക്ക് കീലോമീറ്ററുകള്‍ കുത്തനെ നടന്ന് കയറി 8 മണിക്ക് പണി സൈറ്റില്‍ എത്തും.
കൂലിപ്പണിയെടുത്ത് ഒരു പരിചയവും ഇല്ലാത്ത എന്നോട് 50 kg സിമന്റ് ചാക്ക് ചുമക്കാനും കോണ്‍ക്രീറ്റ് കൂട്ടാനും പറഞ്ഞപ്പോള്‍ ആദ്യമൊക്കെ പ്രയാസമായിരുന്നു. കൈയും കാലുമൊക്കെ പൊള്ളി. പിന്നെ 175 രൂപ കൂലിയും ഭക്ഷണവും ആലോചിച്ചും, വീട്ടിലെ കഷ്ടപാടുകള്‍ ആലോചിച്ചും മാസങ്ങളോളം കൂലിപ്പണി തുടര്‍ന്നു.
റെസ്റ്റില്ലാത്ത പണിക്കിടയില്‍ ഒരു ദിവസം പണിയൊന്ന് മെല്ലെയായപ്പോള്‍ മേസ്തിരി കേട്ടാല്‍ അറക്കുന്ന തെറിവിളിച്ചു. അന്ന് അയാളോട് ഭയങ്കര ദേഷ്യവും എന്റെ സാഹചര്യങ്ങളെ ആലോചിച്ച് വല്ലാത്ത സങ്കടവുമൊക്കെ തോന്നി.
പക്ഷേ ഞാന്‍ ഒന്ന് തീരുമാനിച്ചു ഇതിനൊക്കെ കായിക പരമായും നിയമപരമായും നേരിടാന്‍ എനിക്ക് എന്തായാലും ഇപ്പോള്‍ കഴിയില്ല. പകരം പഠിച്ച് ഉയര്‍ന്ന ജോലി നേടുക എന്നത് മാത്രമാണ് എന്ന് മുന്‍പിലുള്ള ഒരേയൊരു ഓപ്ഷന്‍… പഠിച്ചു.. പ്രതികൂലമായ എല്ലാ സാഹചര്യത്തിലും കഴിയുന്ന പോലെയൊക്കെ പഠിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഔദ്യോഗിക പഠനത്തിന് താത്കാലികമായി വിരാമമിട്ടത് ഇന്നാണ്…
വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ കുറിച്ച് JNUhnse Centre for the Study of Social Systems (CSSS) നിന്നും Dr. Divya Vaid ന്റെ കീഴില്‍ നടത്തിയ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നു…
ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു ഇത്തരമൊരു വിഷയം തെരെഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഏറ്റവും അടുത്ത് നില്‍ക്കുന്ന വളരെ perosnal ആയ അനുഭവങ്ങളും യഥാര്‍ത്ഥ്യങ്ങളും അത്ര പരിചിതമല്ലാത്ത അക്കാദമിക്ക് വ്യവഹാരങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കേണ്ടി വന്നതിന്റെ പരിമിതികള്‍ ഒരു പക്ഷേ ഈ പഠനത്തില്‍ ഉണ്ടായേക്കാം. ഒരു objective ആയ അപഗ്രഥനം എത്രത്തോളം സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തേണ്ടതാണ്.
എങ്കിലും ജനിച്ചത് മുതല്‍ കണ്ട, അനുഭവിച്ച, സാമൂഹിക പരിസരവും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധികളും ചരിത്രപരമായും നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തിലും പരിശോധിക്കാന്‍ പഠനത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. തോട്ടങ്ങളിലെ ഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാദമിക വ്യവഹാരങ്ങളിലൊന്നും വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ മലബാറിലെ മാപ്പിള മുസ്ലീം വിഭാഗത്തിന്റെ വയനാട്ടിലെ തേയില തോട്ടങ്ങളിലേക്കുള്ള കുടിയേറ്റവും തുടര്‍ ജീവിത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തീട്ടുള്ളത്.
കുറെ വര്‍ഷക്കാലത്തെ ഫീല്‍ഡ് വര്‍ക്കും എഴുത്തും വൈവിധ്യമാക്കിയത് തൊഴിലാളികളുമായുള്ള അടര്‍ത്തി മാറ്റാനാവാത്ത ജൈവിക ബന്ധമാണ്. പ്രതിസന്ധികള്‍ ഇടവേളകളില്ലാതെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോള്‍ ഊര്‍ജമായത് ഈ പഠനം പൂര്‍ത്തീകരിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം തന്നെയാണ്.
തൊഴിലാളികള്‍ക്കിടയില്‍ നിന്ന് കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ അക്കാദമിക്‌സ് മുന്നില്‍ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ തുടക്കം മാത്രമാണിത്. അത്‌കൊണ്ട് തന്നെ ഈ പഠനം വയനാട്ടിലെ തോട്ടങ്ങളില്‍ തൊഴിലാളികളായി മാത്രം ജീവിതം അവസാപ്പിക്കേണ്ടി വന്ന തലമുറകള്‍ക്കാണ് സമര്‍പ്പിക്കുന്നത്…
ചേര്‍ത്ത് പിടിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി… (പ്രത്യേകിച്ച് സുനൈജക്ക്)
Discussion about this post