കോഴിക്കോട്: ഒമ്പത് വര്‍ഷം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണമായ തിരികെ ഏല്‍പ്പിച്ച് കള്ളന്റെ പ്രാശ്ചിത്തം. ഏഴേകാല്‍ പവന്റെ സ്വര്‍ണ്ണ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. ഇതിനു പകരമായി ഏഴേകാല്‍ ഇല്ലെങ്കിലും ഏഴു പവനോളമുള്ള മാലയാണ് തിരികെ നല്‍കിയിരിക്കുന്നത്.
പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. സെപ്റ്റംബര്‍ ഒന്നിന് രാവിലെ എണീറ്റ സ്ത്രീ ജനല്‍പ്പടിയില്‍ ഒരു പൊതിയിരിക്കുന്നത് കണ്ട് ഭയന്നു. രാത്രി കിടന്നപ്പോള്‍ ഇല്ലാത്ത പൊതി എങ്ങനെ രാവിലെ വന്നു എന്നതാണ് പേടിക്കാനുള്ള കാരണം. ഒരു വടിയെടുത്ത് പൊതിതുറന്ന് പരിശോധിച്ചപ്പോഴാണ് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മാലയുടെ അതേ മോഡലില്‍ മറ്റൊരു മാല കണ്ടത്, കൂടെ ഒരു കുറിപ്പ് കണ്ടതോടെയാണ് ആശ്വാസമായത്.
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ വീട്ടില്‍ നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം ഞാന്‍ അറിയാതെ എടുത്തുകൊണ്ടുപോയി. അതിന് പകരം ഈ മാല സ്വീകരിച്ച് പൊരുത്തപ്പെടണം”- ഇപ്രകാരമായിരുന്നു കുറിപ്പിലെ എഴുത്ത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കളഞ്ഞുപോയതെന്നായിരുന്നു വീട്ടുകാരുടെ ധാരണ. അന്ന് കുറേ തെരഞ്ഞെങ്കിലും മാല കിട്ടിയില്ല. കളഞ്ഞുപോയെന്ന് കരുതിയതിനാല്‍ പോലീസിലും പരാതിപ്പെട്ടിരുന്നില്ല. അപ്രതീക്ഷിതമായി മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം.
Discussion about this post