വേങ്ങര: ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. കത്ത് ലഭിച്ചതോടെ ഉടനടി പരിഹാരം കണ്ട് മന്ത്രിയും. വേങ്ങര പാക്കടപ്പുറായയിലെ വാടക കോര്‍ട്ടേയ്സില്‍ താമസിക്കുന്ന പി.എം.എസ്.എ.എം യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി മന്ത്രിക്ക് കത്തെഴുതിയത്.
വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ ഫോണില്‍ ആണ് സ്കൂളില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ വരുന്ന ഗ്രൂപ്പുള്ളത്. കൂലിപ്പണിക്ക് പോകുന്ന പിതാവ് രാത്രി തിരിച്ചു വന്നതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയും സഹോദരനും സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടി മന്ത്രിക്ക് കത്തയച്ചത്.
കത്ത് കിട്ടിയ ഉടനെ മന്ത്രി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വിളിച്ച് വിവരമറിയിക്കുകയും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പികെ മുബഷിറിന്റെ നിര്‍ദ്ദേശാനുസരണം കോട്ടക്കല്‍ ബ്ലോക്ക് കമ്മിറ്റി വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്, ബ്ലോക്ക് സെക്രട്ടറി ടിപി ഷമീം, മേഖല സെക്രട്ടറി ടികെ നൗഷാദ്, വൈശാഖ്, ഒകെ അനില്‍, ഫയാസ് പിപി എന്നിവര്‍ എത്തിയാണ് ഫോണ്‍ കൈമാറിയത്. വിദ്യാര്‍ത്ഥിനിയുടെ ഹൃദയശസ്ത്രക്രിയയും ലോക്ക്ഡൗണില്‍ പിതാവിന്റെ ജോലി നഷ്ടപ്പെട്ടതുമൂലവും ഏറെ സാമ്പത്തിക പ്രയാസം നേരിടുകയാണ് കുടുംബം.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബമാണ് കുട്ടിയുടേത്. വീടിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പരിശോധിക്കാന്‍ കുട്ടിയുടെ അപേക്ഷയോടൊപ്പം മന്ത്രി മുഹമ്മദ് റിയാസ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ക്ക് കത്തും നല്കി.
Discussion about this post