ഇടുക്കി: ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ കണ്ണടച്ചുതുറക്കുന്ന സമയം മതിയാകും. അതാണ് തൊടുപുഴക്കാരി ധന്യ സോജന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഒറ്റ ഫേസ്ബുക്ക് കമന്റിലൂടെ ഇരുപതുകാരിയായ ധന്യ ചെന്നുകയറിയത് മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രത്തിലേക്കാണ്.
ഹൃദയസംബന്ധമായ അസുഖത്തോട് പോരാടുന്ന പെണ്‍കുട്ടിയാണ് ധന്യയെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പറയുന്നു. അവളുടെ ഹൃദയം 20% ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയാണ് ധന്യ കമന്റ് ചെയ്തത്. ”ഇതുപോലെ ആഭരണങ്ങള്‍ അണിയാനും കുറെ ചിത്രങ്ങള്‍ എടുക്കാനും കൊതിയാകുന്നു” എന്നായിരുന്നു ധന്യയുടെ കമന്റ്.
കമന്റ് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കോളാന്‍ ആവശ്യപ്പെട്ടു. വെള്ള ഗൗണ്‍ അണിഞ്ഞ് അതിനെക്കാള്‍ മനോഹരമായ പുഞ്ചിരിയോടെ പ്രൊഫഷണലുകളായ മോഡലുകള്‍ക്കൊപ്പം ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. ഒരു തുടക്കക്കാരിയുടെ അങ്കലാപ്പുകളൊന്നുമില്ലാതെയാണ് ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നടി കരീന കപൂര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതോടെ ധന്യ വൈറലാവുകയും ചെയ്തു. മലബാര്‍ ഗോള്‍ഡില്‍ നിന്നും ധന്യയെ വിളിക്കുന്നതും ധന്യ ഫോട്ടോഷൂട്ടിന് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.
”സത്യം പറഞ്ഞാല്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം ഇങ്ങനെ തുളുമ്പി നില്‍ക്കുകയാണ്. അതെങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല” ധന്യ വീഡിയോയില്‍ പറയുന്നു. ഇനിയും കുറെ ആഗ്രഹങ്ങളുണ്ടെന്നും അതിലൊരു ആഗ്രഹമാണ് സഫലീകരിച്ചതെന്നും ധന്യ പറയുന്നു.