ബംഗളൂരു: കൃഷി ആവശ്യത്തിനായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക. ബാവലി ചെക് പോസ്റ്റില്‍ വെച്ചാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം മുദ്ര പതിപ്പിച്ചത്.
കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്താണ് വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ച് കൈകളില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.
അതേസമയം മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം പരാതി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര് കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി.
എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സീല്‍ വെക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി വയനാട് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്കി.