ന്യൂഡല്‍ഹി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.
സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്.
ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണന്നും വാക്സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Discussion about this post