തൃശ്ശൂർ: തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്നും ട്രാൻസ്ജെൻഡർ ശാലുവിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. കാഴ്ച ഫിലിം ഫോറത്തിന്റെ ഓഫീസിൽ വെച്ച് നടന്നുവെന്ന് താൻ കരുതുന്ന കാര്യങ്ങളിൽ അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ ജീവന് അപകടമുണ്ട്. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും. അങ്ങനെ സംഭവിച്ചാൽ Kazhcha Film Forum/ NIV ART Movies ഓഫീസിൽ നടന്നുവെന്ന് ഞാൻ വിശ്വസിക്കുന്ന സംഗതികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഞാൻ നൽകിയ പരാതി (ഡോക്കറ്റ് നമ്പർ G200202520 ) അന്വേഷിക്കുന്നതിന് പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാനോ ഒന്നും താൽപര്യമില്ല. എന്തും ചെയ്യാൻ കെൽപുള്ള ഒരു മാഫിയയ്ക്കുള്ളിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്റെ മാനത്തിന്റെ വില വെച്ച് മറ്റുചിലർക്കായി പേശിനോക്കാൻ ഞാൻ കൂട്ടുനിൽക്കാത്തതുകൊണ്ട് കാഴ്ച ചലച്ചിത്രവേദിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ ഒന്ന് എന്റെ നേരെ ഇന്നല്ലെങ്കിൽ നാളെ വരും എന്ന് എനിക്കുറപ്പായിരുന്നു. എന്താണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും അതിനു പിന്നിൽ കരുതുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എന്തെങ്കിലും അറിവു കിട്ടിയാൽ എന്നോട് പറയുക. എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക. മാനാപമാനങ്ങൾ എനിക്ക് വിഷയമല്ല. പക്ഷേ ഇത് എന്റെ മാനത്തിന്റെ വിഷയമല്ല. നമ്മുടെ സമൂഹത്തെ ദ്രവിപ്പിച്ച് ഇല്ലാതാക്കുന്ന ഒരു വലിയ ദുരന്തത്തെ ചെറുത്തു തോൽപിക്കുന്നതിന്റെ വിഷയമാണ്.
മറ്റു വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടാൻ എനിക്ക് താൽപര്യമില്ലാത്തതിനു കാരണം അതിൽ ചില സ്ത്രീകളുടെ സ്വകാര്യത കടന്നു വരുന്നതുകൊണ്ടാണ്. ക്ഷമിക്കണം.
സനൽകുമാർ ശശിധരന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്:
Kazhcha Film Forum/@Niv Art Movies ഓഫീസ് സ്പെയ്സിൽ നടന്നു എന്ന് ഞാൻ സംശയിച്ച സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഈ വാർത്തയിലാണ്. ട്രാൻസ്ജെൻഡർ ഷാലുവിന്റെ മൃതദേഹത്തിൽ കാണുന്ന ബെഡ്ഷീറ്റ് കാഴ്ച ചലച്ചിത്രവേദിയിൽ ഉണ്ടായിരുന്ന അതേ ബെഡ്ഷീറ്റാണോ എന്ന് എനിക്ക് സംശയമുണ്ടായി. കാഴ്ചയിൽ ആ ബെഡ്ഷീറ്റ് കാണാനില്ലാത്തത് എന്റെ സംശയം വർദ്ധിപ്പിച്ചു. കൂടുതൽ അന്വേഷിച്ചു പോകുന്തോറും എനിക്ക് ഉൾക്കൊള്ളാനോ മനസിലാക്കാൻ പോലുമോ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും ബോധ്യമായി. മരണപ്പെട്ട Pradeep Sv നോട് ഞാൻ ഇക്കാര്യം പറയുകയും അദ്ദേഹം ഇതിൽ ചില അന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളതാണ്. അദ്ദേഹം ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇതുമായി ബന്ധപ്പെട്ട ചിലരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു ബെഡ്ഷീറ്റ് മൃതദേഹത്തിൽ ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ആദ്യം ഇല്ലായിരുന്നു എന്നും പൊലീസ് അടുത്ത വീട്ടിൽ നിന്നെടുത്ത് പുതച്ചതാണ് എന്നുമാണ് പറഞ്ഞത്. പക്ഷേ മൃതദേഹം കാണപ്പെടുന്നത് പുതച്ച രീതിയിലല്ല ബെഡ്ഷീറ്റിൽ മൃതദേഹം തൂക്കിയെടുത്ത് കൊണ്ട് മതിലിനറ്റം ചേർത്ത് വെച്ച രീതിയിലാണ്. മാത്രമല്ല ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതും പുതപ്പിൽ മൃതദേഹം പൊതിഞ്ഞിട്ടുള്ള രീതിയിലാണ്മൂടിയ രീതിയിലല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ അദ്ദേഹം പിന്നീട് വിളിച്ചപ്പോൾ ബന്ധപ്പെട്ടവർ സംസാരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഞാൻ എല്ലാം സൂചിപ്പിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതികൊടുത്തു. എന്റെ മൊഴിയെടുത്തതല്ലാതെ അന്വേഷണം നടന്നില്ല. പ്രദീപ് പിന്നീട് ദുരൂഹമായി കൊല്ലപ്പെട്ടു. പ്രദീപിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇനിയും തീരുമാനമായിട്ടുമില്ല.
Discussion about this post