ആലപ്പുഴ: നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പിആര്‍എസും കൊടുക്കും. മാത്രമല്ല, കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള തുക ഒക്ടോബര്‍ 15ന് മുമ്പ് കൊടുക്കാനും ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആര്‍ അനിലിന്റേയും കൃഷി വകുപ്പ് മന്ത്രി പ്രസാദിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
കൊയ്ത്തു തുടങ്ങുന്നതിനു മുന്‍പേ തന്നെ മില്ലുകള്‍ക്ക് പാടം അനുവദിച്ചു കൊടുക്കും. നെല്ലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ രൂപീകരിക്കും. നെല്ലിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച തര്‍ക്കം നിലനിന്നാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ പഞ്ചായത്ത് തല കമ്മിറ്റി ഇക്കാര്യം രമ്യമായി പരിഹരിക്കും. നെല്ലിന്റെ വിലയായി കര്‍ഷകന് കൊടുത്തു തീര്‍ക്കാന്‍ ഉള്ള തുക ഒക്ടോബര്‍ 15ന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
മാത്രമല്ല, നെല്ലിന്റെ തൂക്കം നോക്കുന്നതായി electronic balance (ഇലക്ട്രോണിക് ത്രാസ്) ഉപയോഗിക്കും. നെല്ല് സംഭരിക്കുന്നതിന് ഒപ്പം തന്നെ വില കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. നെല്ലിന്റെ വില കൊടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് തുക വിതരണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
യോഗത്തില്‍, കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്, മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍ കുമാര്‍, സപ്ലൈകോ സിഎംഡി, ജില്ലാ കളക്ടര്‍ പാടശേഖരത്തിലെ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ കര്‍ഷക സംഘടനാ പ്രതിനിധികള്‍, സപ്ലൈക്കോ ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.