രാജ്യത്ത് കോവിഡ് രൂക്ഷമാക്കിയ കോവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ കൂടി വരുന്നു; രോഗവ്യാപനം രൂക്ഷമാക്കുന്നത് ഈ ഘടകം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നെന്ന് പഠനറിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എവൈ 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐജിഐബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എവൈ 1 കണ്ടെത്തിയത്.

എന്നാൽ, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി.1.617.2) അപകടകാരിയാണോ എവൈ 1 എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എവൈ 1 മുതൽ എവൈ 25 വരെ) സാന്നിധ്യമുണ്ട്. എന്നാൽ, എവൈ 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റിൽ എവൈ 1 മാത്രം ആറുശതമാനത്തിലേറെയായി.

സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എവൈ 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എവൈ 1 കണ്ടെത്തിയത് കേരളത്തിൽമാത്രമാണ്. വാക്‌സിൻ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എവൈ 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യുകെയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version