കോഴിക്കോട്: മലബാര്‍ സമരനായകന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന് ആഷിക് അബുവും നടന് പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന് ആഷിക് അബുവും നടന് പൃഥ്വിരാജും വാരിയംകുന്നന് സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.
സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.
മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.
Discussion about this post