കൊച്ചി: വാരിയന്കുന്നന് സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സംവിധായകന് പിടി കുഞ്ഞുമുഹമ്മദ്.
1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കിയാണ് പിടി കുഞ്ഞുമുഹമ്മദ് സിനിമ ചെയ്യുന്നത്. താന്‍ സിനിമ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപനം നടത്തിയത്. അതിനാല്‍ സിനിമ തീര്‍ച്ചയായും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയുടെ സ്ക്രിപ്റ്റ് പൂര്‍ണ്ണമായും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല. കോവിഡ് വ്യാപനം കുറഞ്ഞാല്‍ ഷൂട്ട് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ചെയ്യുക എന്നത് തന്റെ കര്‍മ്മമാണ്. അതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും നേരിടുമെന്നും പിടി കുഞ്ഞമുഹമ്മദ് പറഞ്ഞു.
ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. ഞാന്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്. ഞാന്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്- അദ്ദേഹം പറഞ്ഞു.
ഒരു സിനിമ നടക്കുമോ എന്നതില്‍ നമുക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ നമുക്ക് അതില്‍ ഉറപ്പ് ഉണ്ടാവും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനം. അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുക തന്നെ ചെയ്യും. പിന്നെ ഞാന്‍ ആരോടും എതിരല്ല. ഒരുപാട് പേര് വാരിയംകുന്നനെതിരെയും അദ്ദേഹത്തെ കുറിച്ചുമെല്ലാം സിനിമയെടുക്കുന്നുണ്ട്. ഞാന്‍ 1921 നടന്ന മലബാര്‍ കലാപത്തെ ആസ്പദമാക്കിയാണ് സിനിമ ചെയ്യുന്നത്.’
Discussion about this post