തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്കാരം നൽകേണ്ടെന്ന് ജൂറി. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെട്ടു.
സംവിധായകൻ ആർ ശരത് ചെയർമാൻ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്കാരം നിർണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ്, അഭിനേത്രി ലെന കുമാർ, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയും അംഗമായിരുന്നു.
കഥാവിഭാഗം പരാമർശങ്ങൾ
2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിനായി കഥാവിഭാഗത്തിൽ ആകെ 39 എൻട്രികളാണ് സമർപ്പിക്കപ്പെട്ടത്. ടെലിസീരിയൽ വിഭാഗത്തിൽ 6 ഉം ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി.ഷോ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തിൽ 8 ഉം എൻട്രികൾ ലഭിച്ചിരുന്നു. കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്. ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരം നൽകാൻ സാധിച്ചിട്ടില്ല.
മറ്റു വിഭാഗങ്ങളിലെ എൻട്രികളുടെ നിലവാരത്തകർച്ച കാരണം അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതിൽ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെടുന്നു.
കഥാവിഭാഗം നിർദ്ദേശങ്ങൾ
1. നിലവാരമില്ലാത്ത എൻട്രികൾ നിരവധി വരുന്നതിനാൽ ഒരു പ്രിലിമിനറി സ്ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണ്.
2. കൂടുതൽ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകർഷിക്കു ന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവൻ ദൃശ്യാവിഷ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാർഡ് എന്ന രീതിയിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് കാലോചിതമായി പരിഷ്കരിക്കേണ്ടതാണ്. പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന നവമാധ്യമ സൃഷ്ടികൾ, വെബ് സിരീസുകൾ, ക്യാമ്പസ് ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ഉൾപ്പെടുത്തി ക്കൊണ്ട് ടെലിവിഷൻ അവാർഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തേണ്ടതാണ്.
മേൽപ്പറഞ്ഞ വിഷയങ്ങൾ സമഗ്രമായി പഠിച്ച് പ്രാവർത്തികമാക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഈ ജൂറി ശുപാർശ ചെയ്യുന്നു. ഒപ്പം നിലവിലെ ഓരോ അവാർഡ് കാറ്റഗറിയുടെയും മാനദണ്ഡം സംബന്ധിച്ച് നിയമാവലിയിൽ കാലോചിതമായ ഭേദഗതി നിർദ്ദേശിക്കാനുള്ള ചുമതല കൂടി വിദഗ്ധ സമിതിയെ ഏൽപ്പിക്കേണ്ടതാണ്.
എല്ലാ കാറ്റഗറികളിലെയും അവാർഡ് തുക വർധിപ്പിക്കുന്നത് മികച്ച സൃഷ്ടികൾ ലഭിക്കാനിടയാക്കുമെന്ന് ജൂറി കരുതുന്നു. അതിനാൽ പുരസ്കാരത്തുക കാലോചിതമായി വർധിപ്പിക്കേണ്ടതാണ്.
കഥേതര വിഭാഗം പരാമർശങ്ങൾ
അടച്ചിടൽ കാലത്ത് ദൃശ്യമാധ്യമ പ്രവർത്തകർക്ക് വലിയതോതിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എൻട്രികളിൽ ഉണ്ടായിരുന്നു. അതേ സമയം വലിയൊരു രോഗപ്പകർച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാൻ വാർത്താവാർത്തേതര മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്കരിക്കുന്ന ഇടപെടൽ സ്വഭാവമുള്ള ഡോക്യുമെന്ററികൾ തയ്യാറാക്കാൻ പലരും താൽപ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങൾ, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ മാത്രം ഡോക്യുമെന്ററി സംവിധായകർ താൽപ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാർത്താബുള്ളറ്റിനുകളിൽ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകൾ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലിൽ അയയ്ക്കുന്നത് ആശാസ്യമല്ല.
Discussion about this post