ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം; ഭർത്താവിന്റെ ദാരിദ്ര്യമറിഞ്ഞതോടെ ‘സ്വന്തം കൊലപാതകം’ പ്ലാൻ ചെയ്ത് പോത്തൻകോട്ടെ പെൺകുട്ടി; പണികിട്ടിയത് പോലീസിനും യുവാവിന്റെ വീട്ടുകാർക്കും

വീടിന് പുറകിൽ കീറിയ വസ്ത്രവും ചോരക്കറയും; പോലീസും ഡോഗ് സ്‌ക്വാഡും ഫോറൻസികും പാഞ്ഞെത്തി; പണികൊടുത്തത് ഭർത്താവിന്റെ ദാരിദ്ര്യമറിഞ്ഞതോടെ 'സ്വന്തം കൊലപാതകം' പ്ലാൻ ചെയ്ത പോത്തൻകോട്ടെ പെൺകുട്ടി; പണികിട്ടിയത് ഭർതൃവീട്ടുകാർക്ക്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി പിന്നീട് ഒളിച്ചോടി വിവാഹം കഴിച്ച പെൺകുട്ടി ഒരുദിവസം മുഴുവൻ ഭർത്താവിന്റെ വീട്ടുകാർക്കും പോലീസിനും നാട്ടുകാർക്കും തലവേദനയായി. വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച് നാല് മാസം പിന്നിടുമ്പോഴാണ് പെൺകുട്ടി ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയതും ‘കൊലപാതകം’ പ്ലാൻ ചെയ്തതും. വീടുവിട്ടിറങ്ങിയ യുവതി ഭർത്താവിന്റെ വീട്ടുകാർക്ക് ‘ഒരു പണി കൊടുക്കാൻ’ വേണ്ടിയാണ് അതിബുദ്ധി കാണിച്ചത്.

പോത്തൻകോട് സ്വദേശിനിയായ പത്തൊൻപതുകാരി ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പമാണ് ജീവിതം ആരംഭിച്ചത്. പിന്നീട് ഭർത്താവിനോട് പിണങ്ങി ഇന്നലെ പുലർച്ചെ ആറ് മണിയോടെ വീട് വിട്ട് പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കിയിറങ്ങി. ഈ സമയത്താണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്റെ പുറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാരും ഇതുകണ്ടു വന്ന നാട്ടുകാരും ഞെട്ടി. സ്വന്തം വസ്ത്രങ്ങൾ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന നെയിൽ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്.

മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് ‘ചോരക്കറ’ കണ്ടത്. വിവരമറിഞ്ഞ് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജി, കോവളം സിഐ പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും, സയന്റിഫിക് എക്‌സ്പർട്ടും സ്ഥലത്തെത്തുകയും ചെയ്തു. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പോലീസും നാട്ടുകാരും അരിച്ച് പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവിൽ മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല.

നാടൊന്നാകെ തെരച്ചിൽ നട്തതുന്നതിനിടെ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി. സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഈ പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പോലീസ് ഇരുവരെയും കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു.

ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് യുവാവിന് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലെന്ന് യുവതി മനസിലാക്കിയത്. യുവാവിന്റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതിക്ക് ഉൾക്കൊള്ളാനുമായില്ല. ഇതാണ് പിണക്കത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.

Exit mobile version