കണ്ണൂർ: ഭർതൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത നവവധു സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്തുവന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ലെന്നും ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു.
ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം സഹോദരനോട് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെടുന്ന ഓഡിയോ പുറത്തുവന്നിരുന്നു. സഹോദരനോട് സംസാരിച്ചതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
ഇന്നലെ സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം.
സുനീഷയുടെയും വിജീഷിന്റെയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. ഇതിന് ശേഷമേ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കൂ.
കഴിഞ്ഞ ഞായറാഴ്ചയാണ് കോറോം സ്വദേശിയായ സുനീഷ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.
Discussion about this post