തിരുവനന്തപുരം: താനൊരു പാവപ്പെട്ടവനായതുകൊണ്ടാണ് പോലീസ് തന്നെ കള്ളനാക്കാന്‍ ധൈര്യം കാണിച്ചതെന്ന് പിങ്ക് പോലീസിന്റെ മാനസിക പീഡനത്തിന് ഇരയായ ജയചന്ദ്രന്‍.
താനൊരു നല്ല വസ്ത്രം ധരിച്ചുവന്നിരുന്നെങ്കില്‍ ഒരു പക്ഷെ പിങ്ക് പോലീസ് തന്നെ കള്ളനാക്കാന്‍ മുതിരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ് പിങ്ക് പോലീസ്. ആ പിങ്ക് പോലീസാണ് എന്റെ മകളെ നടുറോഡിലിട്ട് കള്ളിയാക്കിയത്. എന്റെ മകളെ അടിക്കുകയോ നോവിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല. അവര്‍ എന്റെ മകളെ റോഡിലിട്ട് കരയിപ്പിച്ചു ജയചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരിയായ മകളേയും പിങ്ക് പോലീസ് റോഡില്‍ വിചാരണ ചെയ്ത് അപമാനിച്ചത്.
വെള്ളിയാഴ്ച ഐഎസ്ആര്‍ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാനായി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍ നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകള്‍കൂടി.
ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങി. മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസുകാരിയെ സ്ഥലംമാറ്റി നടപടിയെടുത്തിരുന്നു.
രണ്ട് വര്‍ഷം മുമ്പ് വഴിയില്‍ നിന്ന് കിട്ടിയ വിലകൂടിയ മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചയാളാണ് ജയചന്ദ്രന്‍. വേങ്ങോട് ജംക്ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോണ്‍ കിട്ടിയത്.
വേങ്ങോട് വിവാഹ വീട്ടില്‍ എത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയില്‍ നിന്ന് കിട്ടിയ ഫോണിലേക്ക് തുടരെ കോള്‍ വന്നെങ്കിലും അത് അറ്റന്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൊബൈലിലേക്ക് വന്ന നമ്പര്‍ സ്വന്തം ഫോണില്‍ ഡയല്‍ ചെയ്ത് തിരിച്ചു വിളിച്ചാണ് ഉടമയെ വിവരം അറിയിച്ചത്.