കൊച്ചി: സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കുട്ടികളും അവരുടെ മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഏഴ് കുട്ടികളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വിഷയത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം എന്ന് നിര്‍ദ്ദേശിച്ച കോടതി ചീഫ് സെക്രട്ടറിയോടും പൊതു വിദ്യാഭ്യാസ സെക്രട്ടറിയോടും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സ്മാര്‍ട്ട് ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
പഠനസൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ഇതിലൂടെ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post