എരുമേലി: ഓരോ തവണയും പോലീസ് മോഷണക്കേസ് അന്വേഷിക്കാനെത്തുമ്പോഴും ഫോട്ടോ കാണിച്ച് ‘ഇയാളെ അറിയുമോന്ന്’ ചോദിച്ചത് തയആഥർഥ പ്രതിയോ തന്നെ. സ്വന്തം ഫോട്ടോ കണ്ട് സത്യം പറയാൻ മാത്‌രം സത്യസന്ധത കൈവശമില്ലാത്ത കള്ളൻ ഒടുവിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. പോലീസിന് ലഭിച്ചത് തൊണ്ടിമുതൽ മാത്രം.
എരുമേലി കനകപ്പലത്ത് വീട്ടിൽനിന്ന് ഐഫോണും ചാർജറും മോഷ്ടിച്ചയാളെക്കുറിച്ചു വീട്ടുടമയാണ് പോലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യം സഹിതം ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണവും തുടങ്ങി. പ്രതി എരുമേലിയിലെ വാഹന സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണെന്നു മനസ്സിലാക്കിയ പോലീസ് അവിടെ നേരിട്ടെത്തി.
പ്രതിയുടെ ഫോട്ടോ പ്രതിയെത്തന്നെ കാണിച്ചിട്ട് ‘ഇയാൾ ഇവിടെയുണ്ടോ’ എന്നു ചോദിച്ചു. ‘ഇല്ലല്ലോ സാറേ’ എന്നു കള്ളൻ മറുപടിയും നൽകി. പ്രതിയുടെ പടവുമായി പിന്നീടു രണ്ടുതവണ കൂടി പോലീസ് എത്തിയെങ്കിലും ഇയാൾ ആളിവിടെ ഇല്ല എന്നു തന്നെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ചിത്രത്തിലെ അവ്യക്തത കള്ളനു താൽക്കാലിക രക്ഷയായെങ്കിലും സർവീസ് സ്റ്റേഷൻ ഉടമയെ വിളിച്ചു വീണ്ടും പോലീസ് ഇക്കാര്യം അന്വേഷിച്ചു.
ഇതോടെ കള്ളൻ ഇയാൾ തന്നെയെന്ന് ഉറപ്പിച്ചതോടെ പോലീസ് പാഞ്ഞെത്തി. പോലീസിന്റെ പന്തിയല്ലാത്ത വരവ് കണ്ട് പ്രതി ഓടി മറഞ്ഞു. മോഷണം പോയെന്ന് പരാതി കിട്ടിയ ഫോൺ ആകട്ടെ പ്രതി കടയിൽ ഊരിവച്ച ഷർട്ടു പരിശോധിച്ചപ്പോൾ പോലീസിനു കിട്ടുകയും ചെയ്തു.