വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചു; സൂര്യഗായത്രിയെ തലമുതല്‍ കാല്‍വരെ തുരുതുരാ കുത്തി അരുണിന്റെ കൊടുംക്രൂര, ശാരീരിക വെല്ലുവിളി നേരിടുന്ന മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് അതിദാരുണമായി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സൂര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിയത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം.

ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരേയും അരുണ്‍ അക്രമിച്ചിരുന്നു. ശരീരമാസകലം കുത്തേറ്റുവീണ സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്. ഈ പ്രതീക്ഷകളും താങ്ങുമാണ് അരുണ്‍ നിമിഷ നേരംകൊണ്ട് ഇല്ലാതാക്കിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും ആക്രമിക്കുകയായിരുന്നു. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ മൃഗീയമായി കുത്തിയത്.

തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ തുരുതുരാ കുത്തുകയായിരുന്നു. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

Exit mobile version