പാലക്കാട്: പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ചതിനിടെ അനിൽ അക്കരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എവി ഗോപിനാഥ്. പിണറായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്ന അനിൽ അക്കരയുടെ വാക്കുകളാണ് ഗോപിനാഥിനെ പ്രകോപിപ്പിച്ചത്. തനിക്ക് വളർത്തുനായയുടെ അനുഗ്രഹം വേണ്ടെന്ന് ഗോപിനാഥ് തിരിച്ചടിച്ചു.
എന്റെ ചെരിപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരയുമുണ്ടായേക്കും, തനിക്കാ കാര്യം അറിയില്ല. പിണറായിയുടെ അടുക്കളക്കാരനാകേണ്ടിവന്നാൽ അഭിമാനമെന്നും പിണറായിയുടെ ചെരുപ്പ് നക്കേണ്ടിവന്നാൽ അതും അഭിമാനകരമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പ്രതികരിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. ഈ നിമിഷം മുതൽ കോൺഗ്രസ്സുകാരൻ അല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എച്ചിൽ നക്കിയ ശീലം ഗോപിനാഥിന്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
മനസിനെ തളർത്തുന്ന കാര്യങ്ങൾ ആവർത്തിക്കുന്നുവെന്ന് എവി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് താൻ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് കാരണം. പ്രവർത്തകരുടെ പ്രതീക്ഷക്കനുസരിച്ച് നേതാക്കൾ ഉയരുന്നില്ല. നിലവിൽ ഒരു പാർട്ടിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി. സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി അയിത്തമില്ല. ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ല. പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് ഭരണം വിടില്ല. അഞ്ച് കൊല്ലവും താനടക്കം 11 പേരും ഒറ്റക്കെട്ടായി പഞ്ചായത്ത് ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.