പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പാലക്കാട്ടെ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്.പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. മുൻ ആലത്തൂർ എംഎൽഎയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹം, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. തന്റെ തീരുമാനത്തിൽ പാർട്ടിക്കാരും അല്ലാത്തവരുമായവർ എതിർപ്പ് പ്രകടിപ്പിക്കാം. അവരോട് ക്ഷമ പറയുന്നു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സഹായിച്ച കെ കരുണാകരൻ അടക്കം എല്ലാ നേതാക്കളോടും പ്രവർത്തകരോടും മറ്റുള്ളവരോടും നന്ദി പറയുന്നു.നാളെ നല്ലത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല പ്രകാശം മുന്നിൽ കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടർയാത്ര ആരംഭിക്കുന്നത്. ഒരു കോൺഗ്രസ് പ്രവർത്തകനോടും പാർട്ടി വിടാൻ താൻ പറയില്ല. നാളത്തെ സാഹചര്യം മനസിലാക്കി പ്രവർത്തിക്കാനുള്ള വിവേകമുണ്ട്. ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഗോപിനാഥ് പറഞ്ഞുത്. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജിവെക്കുന്നത്. പാർട്ടിയുടെ മുന്നോട്ടു പോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.
Discussion about this post