മറയൂര്‍: ഒരു കോടി വിപണിമൂല്യമുള്ള ചന്ദനമരം പുരയിടത്തില്‍ നിറഞ്ഞു നില്ക്കുമ്പോള് മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമന് ഉറക്കം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. വീടിന്റെ പരിസരത്തെ മറ്റു ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തിയതോടെയാണ് സോമന് ഭീതി കൂടിയത്.
അവശേഷിക്കുന്ന ഈ ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ സോമന്റെ ആവശ്യം. മുന്‍പും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കള്‍ മുറിച്ചുകടത്തിയ ചന്ദന മരത്തിന്റെ കുറ്റികള്‍ മാന്തിയെടുക്കാനുള്ള നടപടി മാത്രമാണു വനംവകുപ്പ് കൈകൊണ്ടതെന്നാണ് പരാതി.
എല്‍എ പട്ടയമുള്ള ഭൂമിയായതിനാല്‍ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സോമന് കത്തു നല്‍കിയിട്ടുണ്ട്. 2008 ല്‍ ചന്ദനം മോഷ്ടിക്കാന്‍ എത്തിയ സംഘം സോമനെ മുറിയില്‍ കെട്ടിയിട്ടശേഷം മരം മുറിച്ചുകൊണ്ടുപോയി. ഈ ഭയത്തിലാണ് സോമന് ഉറക്കം പോലും കളഞ്ഞ് കാവലിരിക്കേണ്ട സ്ഥിതിയിലായത്.
ശേഷിക്കുന്ന ചന്ദനമരത്തിന് 80 ഇഞ്ച് വലുപ്പമുണ്ട്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്കിയ എല്‍എ പട്ടയങ്ങളില്‍ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമില്ല.
Discussion about this post