കണ്ണൂര്‍: മലയാളിയുടെ കാരുണ്യ മനസ്സ് വീണ്ടും ഒന്നിച്ചു, ഖാസിമിനും പുതുജീവിതത്തിലേക്ക് മടങ്ങാനുള്ള 18 കോടി എത്തി. എസ്എംഎ രോഗം ബാധിച്ച കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവിലെ ഖാസിമിന് പണമെത്തിക്കാനാണ് കാരുണ്യ മനസ്സുകള്‍ കൈക്കോര്‍ത്തത്.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ടൈപ്പ് ടു രോഗം ബാധിതനാണ് ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിം. 18 കോടിയുടെ മരുന്ന് വാങ്ങാനുള്ള തുക ലഭിച്ചിരിക്കുന്നു. ഞായറാഴ്ച വൈകീട്ട് വരെ 17.38 കോടി രൂപ ലഭിച്ചെന്ന് ചികിത്സ കമ്മിറ്റി അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ വിവിധ സംഘടനകളും വ്യക്തികളും ഇതിനകം സ്വരൂപിച്ച തുക കൂടി വന്നുചേരുന്നതോടെ 18 കോടിയെന്ന ലക്ഷ്യം പൂവണിയും. ഇനി ആരും പണമയക്കരുതെന്ന് ചികിത്സ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷ നല്‍കുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഇതേ അസുഖം ബാധിച്ച കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിന് സഹായമെത്തിക്കാനാണ് കാരുണ്യമനസ്സുകള്‍ ആദ്യം കൈക്കോര്‍ത്തത്. 46.78 കോടി രൂപയാണ് മുഹമ്മദിന് മലയാളികള്‍ കൈയയച്ച് നല്‍കിയത്.
നിലവില്‍ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭ്യമായ 17.38 കോടി രൂപയില്‍ എട്ടര കോടി രൂപ മാട്ടൂല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ വാഗ്ദാനമാണ്. ജൂലൈ 27നാണ് ഖാസിമിനായി അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ വളരെ മന്ദഗതിയിലായിരുന്നു ഫണ്ട് വരവ്. എന്നാല്‍, മാട്ടൂല്‍ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്റെ ചികിത്സക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ഫണ്ടിന് വേഗത കൈ വന്നു.
സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിജ ബാലകൃഷ്ണന്‍ പറഞ്ഞു. ചികിത്സാ ഫണ്ടിലേക്ക് ധനസമാഹരണം നടത്തിയവര്‍ സമാഹരിച്ച തുക അടുത്ത ദിവസം തന്നെ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് എത്തിച്ചു നല്‍കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇനി ആരും പുതുതായി ഫണ്ട് ശേഖരിക്കരുതെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Discussion about this post