മലപ്പുറം: രണ്ട് വര്‍ഷമായിട്ടും ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ വധം.
അതിക്രൂരമായ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷമായിട്ടും കേസിലെ ദുരൂഹത മാറ്റാനോ കഴിയാതെ പോലീസ്.
2019 ഓഗസ്റ്റ് 29ന് ആണ് മലപ്പുറം സ്വദേശി വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍
അബ്ദുല്‍ ഷുക്കൂറിനെ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഷുക്കൂറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഷുക്കൂറിന്റെ നേതൃത്വത്തില്‍ 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
‘bitjax.BTC’, ‘BTC.bit.shukoor’ എന്നീ രണ്ട് ബിറ്റ്കോയിന്‍ എക്സ്ചേഞ്ചുകളാണ് ഷുക്കൂര്‍ നടത്തിയിരുന്നത്. 485 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പിന്നീട് പുറത്തുവന്നിരുന്നു. ഷൂക്കൂറിന്റെ മൃതദേഹത്തില്‍ നിന്നും തള്ളവിരല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
തള്ളവിരലിന്റെ അടയാളമായിരുന്നു ഷുക്കൂറിന്റെ ലാപ്ടോപിന്റെ പാസ് വേര്‍ഡായി ഉപയോഗിച്ചിരുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികള്‍ സ്ഥലം വിടുമ്പോള്‍ ഈ തള്ളവിരല്‍ അവര്‍ മുറിച്ചെടുത്തിരുന്നു. ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോയില്ല.
മലയാളികളായ പത്തു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂണ്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷി അന്ന് പറഞ്ഞിരുന്നു. പ്രതികള്‍ മലയാളികളായിട്ടും കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല.
ഷുക്കൂറിന്റെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഇതു സംബന്ധിച്ച് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തത്. കേരളത്തില്‍ നടന്ന ഗൂഡാലോചനയും തട്ടിക്കൊണ്ടുപോകലും ഇടപാടുകളുമാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയില്‍നിന്നാണ് പണമിടപാടുകള്‍ ഏറെയും നടന്നത്. കൊല്ലപ്പെട്ടയാളും പ്രതികളും ജില്ലയിലുള്ളവരാണ്. എന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടത്തിയില്ല. ഷുക്കൂറിന്റെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഇതു സംബന്ധിച്ച് പരാതി നല്‍കിയ ശേഷമാണ് പൊലീസ് കേസെടുത്തതുതന്നെ.
Discussion about this post