തിരുവനന്തപുരം: മൊബൈല്‍ മോഷണം ആരോപിച്ച് അച്ഛനെയും
മൂന്നാം ക്ലാസുകാരിയെയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസുകാരിയ്ക്കെതിരെ നടപടി.
ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥ രജിതയെ ആണ് റൂറല്‍ എസ്പി ഓഫീസിലേക്ക് മാറ്റിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടായേക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് റൂറല്‍ എസ് പിക്ക് കൈമാറി. ഇതിലാണ് പോലീസുകാരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇവര്‍ക്കെതിരായിരുന്നു.
പോലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പോലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രന് നേരത്തേ കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പാേര്‍ട്ടില്‍ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയതിന് പാരിതോഷികമായി ഫോണ്‍ ഉടമ 1000 രൂപ പാരിതോഷികവും നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വച്ച് ജയചന്ദ്രനേയും മകളേയും പിങ്ക് പൊലീസ് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നല്കിയ പരാതിയില്‍ ആറ്റിങ്ങല്‍ സി.ഐയും മൊഴി രേഖപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ആറ്റിങ്ങല്‍ ദേശീയപാതയില്‍ മൂന്നുമുക്കിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മേല്‍ തോന്നയ്ക്കല്‍ മങ്കാട്ടുമൂല കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകള്‍ ദേവപ്രിയയും ഐ.എസ്ആര്ഒയിലേയ്ക്ക് കൊണ്ടുപോകുന്ന സിന്‍ടാക്സിന്‍ ചേമ്പറുകളുടെ നീക്കം കാണാനാണ് മൂന്നുമുക്കില്‍ എത്തിയത്.
ഇവിടെ പിങ്ക് പോലീസിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനു സമീപത്താണ് ജയചന്ദ്രനും മകളും നിന്നത്. ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പോലീസിലെ രജിത പോലീസ് വാഹനത്തില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനോട് കയര്‍ത്തു. നൂറോളം ആളുകളുടെ മുന്നില്‍ വച്ചാണ് പോലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാര്‍ ആദ്യം ഇത് വിശ്വസിച്ചു. സംഭവം കണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി.
ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനില്‍ കൊണ്ടു പോകുമെന്ന നില വന്നപ്പോള്‍ ഈ രംഗങ്ങളെല്ലാം തുടക്കംമുതല്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന യുവാവ് രംഗത്തെത്തി. പോലീസിന്റെ പ്രവൃത്തി മനുഷത്വരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പോലീസുകാരി കയര്‍ത്തു. മറ്റാരുടെയെങ്കിലും മൊബൈലില്‍ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാന്‍ യുവാവ് ആവശ്യപ്പെട്ടു.
മറ്റൊരു പോലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോള്‍ പോലീസ് വാഹനത്തിനുള്ളില്‍ തന്നെ മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താന്‍ ആക്ഷേപിച്ചവരോട് മാപ്പുപോലും പറയാന്‍ തയ്യാറാവാതെ പോലീസുകാരി പോയി.
Discussion about this post